Friday, October 11, 2013

ധീരതയുടെ സാക്ഷിപത്രം


വർഷങ്ങൾക്കു മുന്പ് ഒരു കമ്പനി സൈറ്റിൽ പണി എടുത്തിരുന്ന കാലം...
മജ്ദി എന്നൊരു ഭീകരൻ ആയിരുന്നു ഞങ്ങളുടെ ഓപറേഷൻ മാനേജർ. പ്രൊജെക്റ്റ് മാനേജർ മുതൽ ഓഫീസ് ബോയ്‌ യുടെ വരെ പേടി സ്വപ്നം ആയിരുന്നു അയാൾ. ലുങ്കി ന്യൂസ്‌ പ്രകാരം (മലയാളി ലോകൽ ന്യൂസ്‌ നെറ്റ് വർക്ക് ) മാഹിർ ഒരു മിക്സഡ്‌ ബ്രീഡ് ആണ് ... അയാളുടെ അച്ഛൻ പലസ്തീനിയും അമ്മ ജൂത യും ആണ് പോലും ... പലസ്തീനിയുടെ അഹങ്കാരവും ജൂതന്റെ ക്രൂരതയും ഒന്ന് ചേർന്ന രൂപം... എന്തിനും ഏതിനും സാർ ... സാർ വിളികളുമായി പുറകെ നടക്കുന്ന മലബാരീസ് - നെ അയാൾക്ക്‌ പുച്ഛമായിരുന്നു... എന്നാൽ സൈറ്റിൽ പണിയെടുക്കുന്നതിൽ ഭൂരിഭാഗവും മലയാളികൾ.. ഇനി ആ സംഭവത്തിലേക്ക് വരാം.

ഞങ്ങളുടെ പ്രോജെക്ടിൽ എലക്റ്റ്രീഷ്യന്മാർക്കു തുച്ഛമായ സാലറി ആയിരുന്നു ലഭിച്ചിരുന്നത്. 12 മണിക്കൂർ ഡ്യുട്ടി... പേരിൽ ഇലക്ട്രീഷ്യൻ ആണെങ്കിലും എയർ കണ്ടീഷൻ വർകും പൈപ്പ് ഫിട്ടിംഗ് ഉം വരെ ചെയ്യണം. എല്ലാവരും അസന്തുഷ്ടർ ആയിരുന്നു എങ്കിലും സാലറി കൂട്ടി ചോദിക്കാൻ ആര്ക്കും ധൈര്യമില്ല... കാരണം, പ്രൊജെക്റ്റ് മാനേജർ വിവരം മജ്ദി നെ അറിയിക്കും ... പിന്നെ കൂലി കൂട്ടി ചോദിച്ചവന്റെ കഷ്ടകാലം ആണ്... അവൻ ചെയ്ത വര്കുകളിൽ കുറ്റം കണ്ടു പിടിച്ചു ആകെ കിട്ടുന്ന നക്കാപിച്ചയിൽ നിന്നും ടിടക്ഷൻ പിന്നെ വാണിംഗ് ലെറ്റർ ... വാണിംഗ് ലെറ്ററുകൾ ക്കായി സിസ്ടത്തിൽ ഒരു ഫോൾടർ ഉണ്ടായിരുന്നു അന്ന്! കാരണം, ഉത്തരവ് കിട്ടിയാൽ അഞ്ചു മിനിട്ടിനകം ലെറ്റർ മജ്ദിന്റെ മേശപുറത്ത്‌ എത്തി യിരിക്കണം... അല്ലെങ്കിൽ എനിക്കാവും ടിടക്ഷൻ വരിക! ...


കൂട്ടത്തിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു .. തല്ക്കാലം അവനെ സുരേഷ് എന്ന് വിളിക്കാം. ഒരു ദിവസം രാവിലെ സുരേഷ് സൈറ്റ് ഓഫീസിൽ വന്നു ഒരു ലെറ്റർ പ്രൊജെക്റ്റ് മനജേർ സായിപ്പിനെ ഏല്പ്പിച്ചു ... സാലറി കൂട്ടി തരണം - കുറഞ്ഞത് മുന്നൂറു ദിര്ഹംസ് എങ്കിലും അല്ലെങ്കിൽ ഈ ലെറ്റർ എന്റെ റെസിഗ്നെഷൻ ആയിട്ട് കരുതണം - അതായിരുന്നു ഉള്ളടക്കം... സായിപ്പ് സുരേഷിനെ ഉപദേശിച്ചു ... ഇതുവരെ ആരും ഇത്ര ധൈര്യം കാട്ടിയിട്ടില്ല ... നിന്നെ
മജ്ദി റ്റെർമിനെറ്റ് ചെയ്യും ... തിരിച്ചു നാട്ടിൽ പോകേണ്ടി വരും ... അങ്ങിനെ കുറെ പറഞ്ഞു നോക്കി. സുരേഷിന് ഒരു കുലുക്കവും ഇല്ല.


ഒടുവിൽ
മജ്ദി വന്നു ... വിഷയം അവതരിപ്പിച്ചു. സൈറ്റിൽ നിന്നും സുരേഷിനെ വരുത്തി... സൂപ്പർ വൈസർ മാരുടെയും എൻജിനീയർ മാരുടെയും മുന്നില് നിരത്തി 'ഫയറിംഗ്' തുടങ്ങി. സുരേഷ് നിസ്സംഗം കേട്ടു നിന്നു. ഒടുവിൽ മജ്ദി പറഞ്ഞു നിർത്തി;

"so you want me to terminate you?"

സുരേഷ് മറുപടി നല്കി;

"I don't mind if you terminate me!"

മൊട്ടു സൂചി വീണാൽ കേള്ക്കുന്ന നിശബ്ധനത ആയിരുന്നു ഓഫീസിൽ അപ്പോൾ. മജ്ദിയുടെ  മുഖം വിളറി... മുട്ട് കൂട്ടി ഇടിച്ചു തന്റെ മുന്നില് നില്ക്കുന്ന എൻജിനീയർമാര്ക്കില്ലാത്ത ധൈര്യമാണ് ഒരു പീറ ഇലക്ട്രീഷ്യൻ കാണിച്ചത്! സുരേഷിനെ തിരികെ പറഞ്ഞു വിട്ട ശേഷം മജ്ദി മദം ഇളകിയ ആനെയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും അലറി വിളിക്കുകയും ഒക്കെ ചെയ്തു. സുരേഷിനെ റ്റെർമിനെറ്റ് ചെയ്യുന്നത് ബുദ്ധി മോശം ആണെന്ന് സ്തുതി പാടകർ ഉപദേശിച്ചു, കാരണം അവനു പണി അറിയാം ...നല്ലൊരു ട്രബിൾ ഷൂട്ടർ ആണ്... പക്ഷെ അങ്ങിനെ വിടാൻ പറ്റില്ലല്ലോ ... സുരേഷിനെ ക്യാമ്പിൽ ഇരുത്തി... ഇടയ്ക്കിടെ ക്യാംബ് മാറ്റി ... മെസ്സിൽ കൊടുക്കാൻ പണം ഇല്ലാതെ അയാൾ കഷ്ടപെട്ടു ... എങ്കിലും തീരുമാനം മാറ്റിയില്ല.


ഒരു മാസം കഴിഞ്ഞപ്പോൾ
മജ്ദിയ ഞെട്ടിച്ചു കൊണ്ട് സുരേഷ് മെയിൻ ഓഫീസിൽ പോയി HR മാനേജരെയും മറ്റു ചിലരെയും കണ്ടു ... ലെറ്ററിന്റെ കോപ്പി നല്കി ... സംഭവങ്ങൾ അറിയിച്ചു ... മജ്ദി യെ ഓഫീസിൽ വിളിപ്പിച്ചു വിശദീകരണം തേടി ... സുരേഷിന്റെ ശമ്പളം കൂട്ടി നല്കാൻ തീരുമാനിച്ചു ... പക മൂത്ത മജ്ദി  പ്രശ്നമുണ്ടാക്കി... ഒരാൾക്ക്‌ മാത്രം നല്കാൻ പാടില്ല .... ശമ്പളം കൂട്ടുമ്പോൾ മറ്റു എലക്റ്റ്രീഷ്യന്മാർക്കും നല്കണം എന്നായി അയാൾ .. സായിപ്പന്മാർ അതും അംഗീകരിച്ചു ...അപ്പോൾ മജ്ദി അടുത്ത നിര്ദേശം വച്ചു ... സുരേഷിനെ റ്റെർമിനെറ്റ് ചെയ്യണം, കാരണം ഇവൻ സൈറ്റിലെ മറ്റു വിഭാഗത്തിൽ പെട്ട പണിക്കാരെ കൂടി സമരത്തിന്‌ ഇറക്കും ... ആദ്യം അന്ഗീകരിചില്ലെങ്കിലും ഒടുവിൽ കമ്പനി അയാളുടെ നിര്ബന്ധത്തിനു വഴങ്ങി ... സുരേഷിനെ റ്റെർമിനെറ്റ് ചെയ്തു.


അങ്ങിനെ, നേടിയെടുത്ത അവകാശം - വര്ധിപ്പിച്ച കൂലി ഒരു മാസം പോലും ലഭിക്കാതെ സുരേഷ് പടിയിറങ്ങി ... അവസാനമായി സുരേഷിനു ഷൈക് ഹാൻഡ് നൽകുമ്പോൾ എന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞിരുന്നു .... പതറിയ സ്വരത്തിൽ ഞാൻ പറഞ്ഞ " ഗുഡ് ലക്ക്" നു മറുപടിയായി ഒരു പുഞ്ചിരി ആയിരുന്നു അയാൾ നല്കിയത്... അടുത്ത മാസം എല്ലാ ഇലക്റ്റ്രീഷ്യന്മാരുടെയും സാലറി 900 -നിന്ന് 1200-ആയി ഉയര്ന്നു. എന്നാൽ, അതിൽ ഒരാൾ, ഒരുത്തൻ പോലും സുരേഷിന് നന്ദി പറയുന്നത് ഞാൻ കണ്ടില്ല ....ഇന്ന് ദുബായിലെ ഒരു പ്രശസ്ത കമ്പനിയിൽ സീനിയർ സൂപ്പർവൈസർ ആയി സുരേഷ് ജോലി നോക്കുന്നു... തല ഉയർത്തി തന്നെ.


അനീതിക്കെതിരെ ശബ്ദം ഉയര്ത്താൻ ചങ്കുറപ്പുള്ള ഒറ്റയാന്മാർക്കെ കഴിയൂ ...ചോര വാർന്നൊഴുകുമ്പോൾ അവർ ശൌര്യം ചോരാതെ പുഞ്ചിരിക്കും... ഹിംസകനെ അവന്റെ മിഴികൾ നിർദയം നേരിടും... ആത്മാഭിമാനം ആണ് അവന്റെ പ്രതിഫലം.

No comments:

Post a Comment