Thursday, October 17, 2013

ജംബു ലിംഗം!


ഹൈസ്കൂൾ പഠനകാലത്ത് ജനാര്ദ്ധനൻ പിള്ള സാറിന്റെ ക്ലാസുകൾ വിദ്യാർഥികൾക്ക് വളരെ ഇഷ്ട്ടമായിരുന്നു. കാരണങ്ങൾ പലതാണ്. ജ്യോഗ്രഫി ആണ് വിഷയം എങ്കിലും പഠിപ്പിച്ചു വരുമ്പോ സാറ് ജ്യോഗ്രഫിയും ഹിസ്ടറിയും സുവോളജി യും കടന്നു ബയോളജിയിൽ ചെന്ന് നിൽക്കുമായിരുന്നു. അത് പോലെ തന്നെ വിദ്യാർഥികളുടെ കലാ(പ) വാസനയെ വളർത്തിഎടുക്കുവാൻ അത്ധേഹം എപ്പോഴും ശ്രമിച്ചിരുന്നു. ചില ദിവസങ്ങളിൽ പഠിപ്പിക്കുവാനുള്ള മൂഡ്‌ ഇല്ലെങ്കിൽ അദ്ദേഹം ഞങ്ങളിലെ ഗായകനെയും ഗായികയെയും കണ്ടു പിടിച്ചു പാട്ട് പാടിപ്പിക്കുകയും മിമിക്രി അവതരിപ്പിക്കുകയും ഒക്കെ ചെയ്യിപ്പിക്കുമായിരുന്നു.


അങ്ങിനെയിരിക്കെ ഒരു ദിവസം പതിവ് പോലെ ജനാര്ദ്ധനൻ സാറ് ക്ലാസ് ആരംഭിച്ചു പകുതിയായപ്പോൾ പുസ്തകം എല്ലാം മടക്കി വെക്കാൻ പറഞ്ഞു ... അതുവരെ ഉറക്കം തൂങ്ങി ഇരുന്ന ഞങ്ങളെല്ലാം ഉണർവ് ഉള്ളവരായി. വളരെ വ്യത്യസ്തമായ ഒരു പരിപാടിയാണ് അന്ന് സാറ് അവതരിപ്പിക്കാൻ ആവശ്യപെട്ടത്‌. ആണ്‍കുട്ടികളും പെണ്‍കുട്ടികളും രണ്ടു ടീം ആയിട്ട് മാറുന്നു. ടീം ലീഡർ ആയിട്ട് രണ്ടു വശത്ത് നിന്നും ഓരോരുത്തരെ തിരഞ്ഞെടുക്കുന്നു. ഒരു ലീഡർ എതിർ ലീഡരുടെ ചെവിയിൽ രഹസ്യമായി ഒരു സിലുമാ പേര് പറയുന്നു. അയാൾ അത് അഭിനയിച്ചു കാണിക്കണം ... മൂന്നു ചാൻസ് കൊടുക്കും.. മൂന്നും തെറ്റിയാൽ പോയിന്റ്! ( ഇന്നിത് എല്ലാവർക്കും അറിയാം ... ഞങ്ങള് പാവങ്ങൾ അന്ന് അറിഞ്ഞു വരുന്നതെ ഉള്ളൂ..)


എല്ലാവർക്കും ആവേശമായി... പരിപാടി തുടങ്ങി. സിലുമാ പേരുകൾ കൊണ്ട് അക്ഷര ശ്ലോകം കളിക്കുന്ന അരവിന്ദൻ ആണ് ഞങ്ങളുടെ ലീഡർ... സ്വയം ഗലാ തിലകം ആയി വിശേഷിപ്പിക്കുന്ന മേരികുട്ടി മത്തായി ആണ് ഗേൾസ് ന്റെ ലീഡർ... അരവിന്ദൻ പഠിച്ച പണി പതിനെട്ടും നോക്കി... ഒരു രക്ഷേം ഇല്ല... മേരികുട്ടി കസ്സറി അഭിനയിക്കുകയാണ്... അവടെ കൂട്ടുകാരികൾ ഒരേ സ്വരത്തിൽ ശരിയായ സിലുമാ പേരുകൾ തന്നെ വിളിച്ചു പറയുന്നു! ... "കാക്കോത്തികാവിലെ അപ്പൂപ്പൻ താടിയും" നഖ ക്ഷതങ്ങളും, "പൂമുഖ പടിയിൽ നിന്നെയും കാത്തതും", മാനത്തെ വെള്ളിതേരും, എന്തിനു "പപ്പയുടെ സ്വന്തം അപ്പൂസ്" വരെ അവൾ പുഷ്പം പോലെ അഭിനയിച്ചു കാണിച്ചു... അതിനിടയിൽ അവള് പറഞ്ഞ "വൈശാലി" അഭിനയിച്ചു കാണിക്കാൻ അരവിന്ദൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷപെട്ടില്ല. അവന്റെ അഭിനയതികവിൽ ഞങ്ങൾ വിളിച്ചു പറഞ്ഞ പേരുകൾ - " രതി നിർവെദവും", "ലയനവും" "അഥർവവും" ഒക്കെയായിരുന്നു!! അതോടെ ഗേൾസ്‌ പോയിന്റ്‌ നില തുല്യമാക്കി.

ബെല്ലടിക്കാൻ നേരായി... ഞങ്ങളുടെ മുന്നില് ഒരു മഹാമേരുവായി തലഉയർത്തി നിൽക്കുന്ന മേരികുട്ടി മത്തായി യുടെ മുഖത്ത് പുരുഷ വർഗത്തെ മുഴുവൻ തച്ചുടക്കുന്ന ചിരി!.. പെണ്‍കുട്ടികൾ ടെസ്കിലടിച്ചു വിജയാരവം മുഴക്കുന്നു!

"സൈലൻസ്" ജനാർധനൻ പിള്ള സാറിന്റെ ശബ്ദം ഉയർന്നു...

"ബോയ്സ്! നിങ്ങളുടെ ലാസ്റ്റ് ചാൻസ് ... ആസ്ക്‌!"
അരവിന്ദന്റെ തല താണിരിക്കുന്നു. അവൻ ആകെ വിയർത്തുകുളിച്ചിരിക്കുവാണ്... പാവത്തിന്റെ സ്റ്റൊക് കഴിഞ്ഞു ന്നു തോന്നുന്നു... പഠിക്കുന്ന കാര്യത്തില് തോറ്റാൽ സഹിക്കാം ... സിലുമാക്കാര്യത്തിലും തൊൽക്കാനൊ? അതങ്ങ് പള്ളീ പോയി പറഞ്ഞാ മതീടി! ഞാൻ മെല്ലെ മുന്നോട്ടു നീങ്ങി അരവിന്ദന്റെ ചെവിയിൽ ഒരു പേര് മന്ത്രിച്ചു ... അവൻ അവിശ്വസനീയതയോടെ എന്നെ തിരിഞ്ഞു നോക്കിട്ട് ചോദിച്ചു;

"അളിയാ ..യെക്കുവോ?"

നീ കാച്ചടാ... ബാക്കി അപ്പൊ നോക്കാം!" ഞാൻ ധൈര്യം നല്കി.

തറ ചവിട്ടി കുലുക്കി മുന്നോട്ടു വന്ന മേരി കുട്ടിയുടെ ചെവിയിൽ അരവിന്ദൻ ആ പേര് മന്ത്രിച്ചു... നിമിഷങ്ങൾക്കകം മേരിയുടെ മുഖത്തെ ചിരി മാഞ്ഞു! അവൾ ആകെ വിളറി വെളുത്തു!

"ഒകെ ... തുടങ്ങിക്കോളൂ!" സാറിന്റെ നിര്ദേശം മുഴങ്ങി...

മേരി പരുങ്ങുന്നു ... ഒന്നും ഇങ്ങോട്ട് വരുന്നില്ല... കൈ എടുത്തു എന്തെര് ഒക്കെയോ കാണിക്കാൻ ശ്രമിക്കുന്നുണ്ട്... ഒന്നും അങ്ങട് വ്യക്തമല്ല... അവളുടെ സുഹൃത്തുക്കളുടെ സഹികേട്ടു... അപ്പോഴേക്കും ബെല്ലടി ശബ്ദം ഉയർന്നു! ബോയ്സ് വിജയ ഭേരി മുഴക്കി! ടെസ്കിനടി... ആകെ ബഹളം!

"സൈലന്സ്!!" സാറിന്റെ ശബ്ദം വീണ്ടും ഉയർന്നു...

"ഓൾ റൈറ്റ് ... ആണ്‍കുട്ടികൾ വിജയിച്ചിരിക്കുന്നു...ഇനി പറ മേരി ... അവൻ എന്ത് പേരാണ് പറഞ്ഞത്?"

അത് ... അത് ... മേരികുട്ടിയുടെ വായിൽ നിന്നും ഒന്നും ഇങ്ങോട്ട് വരുന്നില്ല ... ഒണ്‍ലി ബ ബ ബ്ബ !... അവൾ വിയർക്കുകയാണ്!

സാറിന്റെ ആകാംക്ഷ ഒന്നൂടെ വര്ദ്ധിച്ചു...

"അരവിന്ദൻ .. സ്റ്റാന്റ് അപ്! .. പറയൂ, എന്താണ് അത്?"

അത് ...അത് ...

"ഡാ! പറയാൻ!" സാറിന്റെ ക്ഷമ നശിക്കുകയാണ്...

അരവിന്ദൻ മൊഴിഞ്ഞു ...." ജംബുലിംഗം!"

സാറൊന്നും പിന്നെ പറഞ്ഞില്ല ... എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് ബുക്കും എടുത്തു ക്ലാസ്സിൽ നിന്നും പോയി... ചൂരലിന്റെ ശീല്ക്കാരം പ്രതീക്ഷിച്ചിരുന്ന ഞാൻ ശ്വാസം നേരെ വിട്ടത് അപ്പോഴാണ്‌... പക്ഷെ അതോടു കൂടി സാറ് ഞങ്ങളുടെ കലാവാസന പരിശോദിക്കുന്നത് നിർത്തി.

കി കി കി ! ആരും ഇളിക്കണ്ട .. ഞാനൊരു നൊനെം പറഞ്ഞില്ല. ദെ നോക്ക്;

Film : Jambulingam (1982)

Director : P. Bhaskaran

Cast :Prem Nazeer, Sheela, Madhu & Adoor Bhasi

ഏതു വിധത്തിലും വിജയിക്കണം എന്ന ആഗ്രഹമായിരുന്നു ആ പേര് തിരഞ്ഞെടുക്കാൻ അന്ന് പ്രേരിപ്പിച്ചത് എങ്കിലും വളർച്ചയുടെ പടവുകൾ കയറി വരുമ്പോൾ മനസ്സിലാകുന്ന ഒരു വലിയ സത്യം ഒരു വർഗത്തെ മുഴുവൻ ഉത്തരം മുട്ടിക്കുവാൻ പുരുഷന് ഇന്നും കഴിയുന്നത് ലതിന്റെ - ആ ഉത്തരത്തിന്റെ- പിൻബലത്തിൽ മാത്രമല്ലേ?

Friday, October 11, 2013

ധീരതയുടെ സാക്ഷിപത്രം


വർഷങ്ങൾക്കു മുന്പ് ഒരു കമ്പനി സൈറ്റിൽ പണി എടുത്തിരുന്ന കാലം...
മജ്ദി എന്നൊരു ഭീകരൻ ആയിരുന്നു ഞങ്ങളുടെ ഓപറേഷൻ മാനേജർ. പ്രൊജെക്റ്റ് മാനേജർ മുതൽ ഓഫീസ് ബോയ്‌ യുടെ വരെ പേടി സ്വപ്നം ആയിരുന്നു അയാൾ. ലുങ്കി ന്യൂസ്‌ പ്രകാരം (മലയാളി ലോകൽ ന്യൂസ്‌ നെറ്റ് വർക്ക് ) മാഹിർ ഒരു മിക്സഡ്‌ ബ്രീഡ് ആണ് ... അയാളുടെ അച്ഛൻ പലസ്തീനിയും അമ്മ ജൂത യും ആണ് പോലും ... പലസ്തീനിയുടെ അഹങ്കാരവും ജൂതന്റെ ക്രൂരതയും ഒന്ന് ചേർന്ന രൂപം... എന്തിനും ഏതിനും സാർ ... സാർ വിളികളുമായി പുറകെ നടക്കുന്ന മലബാരീസ് - നെ അയാൾക്ക്‌ പുച്ഛമായിരുന്നു... എന്നാൽ സൈറ്റിൽ പണിയെടുക്കുന്നതിൽ ഭൂരിഭാഗവും മലയാളികൾ.. ഇനി ആ സംഭവത്തിലേക്ക് വരാം.

ഞങ്ങളുടെ പ്രോജെക്ടിൽ എലക്റ്റ്രീഷ്യന്മാർക്കു തുച്ഛമായ സാലറി ആയിരുന്നു ലഭിച്ചിരുന്നത്. 12 മണിക്കൂർ ഡ്യുട്ടി... പേരിൽ ഇലക്ട്രീഷ്യൻ ആണെങ്കിലും എയർ കണ്ടീഷൻ വർകും പൈപ്പ് ഫിട്ടിംഗ് ഉം വരെ ചെയ്യണം. എല്ലാവരും അസന്തുഷ്ടർ ആയിരുന്നു എങ്കിലും സാലറി കൂട്ടി ചോദിക്കാൻ ആര്ക്കും ധൈര്യമില്ല... കാരണം, പ്രൊജെക്റ്റ് മാനേജർ വിവരം മജ്ദി നെ അറിയിക്കും ... പിന്നെ കൂലി കൂട്ടി ചോദിച്ചവന്റെ കഷ്ടകാലം ആണ്... അവൻ ചെയ്ത വര്കുകളിൽ കുറ്റം കണ്ടു പിടിച്ചു ആകെ കിട്ടുന്ന നക്കാപിച്ചയിൽ നിന്നും ടിടക്ഷൻ പിന്നെ വാണിംഗ് ലെറ്റർ ... വാണിംഗ് ലെറ്ററുകൾ ക്കായി സിസ്ടത്തിൽ ഒരു ഫോൾടർ ഉണ്ടായിരുന്നു അന്ന്! കാരണം, ഉത്തരവ് കിട്ടിയാൽ അഞ്ചു മിനിട്ടിനകം ലെറ്റർ മജ്ദിന്റെ മേശപുറത്ത്‌ എത്തി യിരിക്കണം... അല്ലെങ്കിൽ എനിക്കാവും ടിടക്ഷൻ വരിക! ...


കൂട്ടത്തിൽ ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു .. തല്ക്കാലം അവനെ സുരേഷ് എന്ന് വിളിക്കാം. ഒരു ദിവസം രാവിലെ സുരേഷ് സൈറ്റ് ഓഫീസിൽ വന്നു ഒരു ലെറ്റർ പ്രൊജെക്റ്റ് മനജേർ സായിപ്പിനെ ഏല്പ്പിച്ചു ... സാലറി കൂട്ടി തരണം - കുറഞ്ഞത് മുന്നൂറു ദിര്ഹംസ് എങ്കിലും അല്ലെങ്കിൽ ഈ ലെറ്റർ എന്റെ റെസിഗ്നെഷൻ ആയിട്ട് കരുതണം - അതായിരുന്നു ഉള്ളടക്കം... സായിപ്പ് സുരേഷിനെ ഉപദേശിച്ചു ... ഇതുവരെ ആരും ഇത്ര ധൈര്യം കാട്ടിയിട്ടില്ല ... നിന്നെ
മജ്ദി റ്റെർമിനെറ്റ് ചെയ്യും ... തിരിച്ചു നാട്ടിൽ പോകേണ്ടി വരും ... അങ്ങിനെ കുറെ പറഞ്ഞു നോക്കി. സുരേഷിന് ഒരു കുലുക്കവും ഇല്ല.


ഒടുവിൽ
മജ്ദി വന്നു ... വിഷയം അവതരിപ്പിച്ചു. സൈറ്റിൽ നിന്നും സുരേഷിനെ വരുത്തി... സൂപ്പർ വൈസർ മാരുടെയും എൻജിനീയർ മാരുടെയും മുന്നില് നിരത്തി 'ഫയറിംഗ്' തുടങ്ങി. സുരേഷ് നിസ്സംഗം കേട്ടു നിന്നു. ഒടുവിൽ മജ്ദി പറഞ്ഞു നിർത്തി;

"so you want me to terminate you?"

സുരേഷ് മറുപടി നല്കി;

"I don't mind if you terminate me!"

മൊട്ടു സൂചി വീണാൽ കേള്ക്കുന്ന നിശബ്ധനത ആയിരുന്നു ഓഫീസിൽ അപ്പോൾ. മജ്ദിയുടെ  മുഖം വിളറി... മുട്ട് കൂട്ടി ഇടിച്ചു തന്റെ മുന്നില് നില്ക്കുന്ന എൻജിനീയർമാര്ക്കില്ലാത്ത ധൈര്യമാണ് ഒരു പീറ ഇലക്ട്രീഷ്യൻ കാണിച്ചത്! സുരേഷിനെ തിരികെ പറഞ്ഞു വിട്ട ശേഷം മജ്ദി മദം ഇളകിയ ആനെയെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും അലറി വിളിക്കുകയും ഒക്കെ ചെയ്തു. സുരേഷിനെ റ്റെർമിനെറ്റ് ചെയ്യുന്നത് ബുദ്ധി മോശം ആണെന്ന് സ്തുതി പാടകർ ഉപദേശിച്ചു, കാരണം അവനു പണി അറിയാം ...നല്ലൊരു ട്രബിൾ ഷൂട്ടർ ആണ്... പക്ഷെ അങ്ങിനെ വിടാൻ പറ്റില്ലല്ലോ ... സുരേഷിനെ ക്യാമ്പിൽ ഇരുത്തി... ഇടയ്ക്കിടെ ക്യാംബ് മാറ്റി ... മെസ്സിൽ കൊടുക്കാൻ പണം ഇല്ലാതെ അയാൾ കഷ്ടപെട്ടു ... എങ്കിലും തീരുമാനം മാറ്റിയില്ല.


ഒരു മാസം കഴിഞ്ഞപ്പോൾ
മജ്ദിയ ഞെട്ടിച്ചു കൊണ്ട് സുരേഷ് മെയിൻ ഓഫീസിൽ പോയി HR മാനേജരെയും മറ്റു ചിലരെയും കണ്ടു ... ലെറ്ററിന്റെ കോപ്പി നല്കി ... സംഭവങ്ങൾ അറിയിച്ചു ... മജ്ദി യെ ഓഫീസിൽ വിളിപ്പിച്ചു വിശദീകരണം തേടി ... സുരേഷിന്റെ ശമ്പളം കൂട്ടി നല്കാൻ തീരുമാനിച്ചു ... പക മൂത്ത മജ്ദി  പ്രശ്നമുണ്ടാക്കി... ഒരാൾക്ക്‌ മാത്രം നല്കാൻ പാടില്ല .... ശമ്പളം കൂട്ടുമ്പോൾ മറ്റു എലക്റ്റ്രീഷ്യന്മാർക്കും നല്കണം എന്നായി അയാൾ .. സായിപ്പന്മാർ അതും അംഗീകരിച്ചു ...അപ്പോൾ മജ്ദി അടുത്ത നിര്ദേശം വച്ചു ... സുരേഷിനെ റ്റെർമിനെറ്റ് ചെയ്യണം, കാരണം ഇവൻ സൈറ്റിലെ മറ്റു വിഭാഗത്തിൽ പെട്ട പണിക്കാരെ കൂടി സമരത്തിന്‌ ഇറക്കും ... ആദ്യം അന്ഗീകരിചില്ലെങ്കിലും ഒടുവിൽ കമ്പനി അയാളുടെ നിര്ബന്ധത്തിനു വഴങ്ങി ... സുരേഷിനെ റ്റെർമിനെറ്റ് ചെയ്തു.


അങ്ങിനെ, നേടിയെടുത്ത അവകാശം - വര്ധിപ്പിച്ച കൂലി ഒരു മാസം പോലും ലഭിക്കാതെ സുരേഷ് പടിയിറങ്ങി ... അവസാനമായി സുരേഷിനു ഷൈക് ഹാൻഡ് നൽകുമ്പോൾ എന്റെ ഉള്ളിൽ കുറ്റബോധം നിറഞ്ഞിരുന്നു .... പതറിയ സ്വരത്തിൽ ഞാൻ പറഞ്ഞ " ഗുഡ് ലക്ക്" നു മറുപടിയായി ഒരു പുഞ്ചിരി ആയിരുന്നു അയാൾ നല്കിയത്... അടുത്ത മാസം എല്ലാ ഇലക്റ്റ്രീഷ്യന്മാരുടെയും സാലറി 900 -നിന്ന് 1200-ആയി ഉയര്ന്നു. എന്നാൽ, അതിൽ ഒരാൾ, ഒരുത്തൻ പോലും സുരേഷിന് നന്ദി പറയുന്നത് ഞാൻ കണ്ടില്ല ....ഇന്ന് ദുബായിലെ ഒരു പ്രശസ്ത കമ്പനിയിൽ സീനിയർ സൂപ്പർവൈസർ ആയി സുരേഷ് ജോലി നോക്കുന്നു... തല ഉയർത്തി തന്നെ.


അനീതിക്കെതിരെ ശബ്ദം ഉയര്ത്താൻ ചങ്കുറപ്പുള്ള ഒറ്റയാന്മാർക്കെ കഴിയൂ ...ചോര വാർന്നൊഴുകുമ്പോൾ അവർ ശൌര്യം ചോരാതെ പുഞ്ചിരിക്കും... ഹിംസകനെ അവന്റെ മിഴികൾ നിർദയം നേരിടും... ആത്മാഭിമാനം ആണ് അവന്റെ പ്രതിഫലം.